---
title: "ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍"
english_title: "Strict Action Against Hiding Files Warns Information Commissioner TK Ramakrishnan in Kozhikode Hearing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381630/ information-commissioner-tk-ramakrishnan-warning-file-missing-kozikode-hearing"
published_at: "2026-09-08T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9e62de0d6_gyu.jpg"
keywords: ["Information Commissioner", "RTI", "Kozhikode Collectorate", "Right to Information"]
---

# ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍

> **Lead Summary:** കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് വിവരം നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു.

## Article Content

കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് വിവരം നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിയറിംഗില്‍ 15 ഹര്‍ജികള്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഫയല്‍ കാണുന്നില്ല, ഫയല്‍ ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ചില ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നതെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഇത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതത് കാര്യാലയത്തിലെ പൊതു അധികാരികള്‍ക്കാണെന്നും ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഓരോ ഫയലിനും കസ്റ്റോഡിയന്‍ ഉണ്ടായിരിക്കണമെന്നും ഫയല്‍ ആരുടെ പക്കല്‍ നിന്നാണ് നഷ്ടപ്പെട്ടതെന്ന് കണ്ടുപിടിച്ച് നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥര്‍ പോസിറ്റീവായി കണ്ട് വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കാരന്തൂര്‍ സ്വദേശി അബ്ദുല്‍ കലാം നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ കണ്ടെത്തി വിവരങ്ങള്‍ നല്‍കാന്‍ കുന്ദമംഗലം പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഫീസ് അടച്ചിട്ടും വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കാത്ത കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളെജിലെ എസ്.പി.ഐ.ഒയ്ക്ക് കമ്മീഷന്‍ താക്കീത് നല്‍കി.

വിവരങ്ങള്‍ ഉടന്‍ സ്പീഡ് പോസ്റ്റ് വഴി ഹര്‍ജിക്കാരിയായ സുമീഷയ്ക്ക് അയച്ചുനല്‍കാനും നിര്‍ദേശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്ന നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.പി.ഐ.ഒയോട് ദൃശ്യങ്ങള്‍ ഉടന്‍ നല്‍കാന്‍ നിര്‍ദേശിച്ചു. വിവരം ക്രോഡീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് വിവരം നല്‍കാതിരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്.പി.ഐ.ഒയോടും വിവരം നല്‍കാന്‍ നിര്‍ദേശം നല്‍കി.

വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കാന്‍ അടുത്ത മാസം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381630/ information-commissioner-tk-ramakrishnan-warning-file-missing-kozikode-hearing)